
പഴയ കറിച്ചട്ടിയും ഇരുമ്പു പാത്രങ്ങളും ഒക്കെ ഔട്ട് ഓഫ് ഫാഷനായി എന്ന് തന്നെ പറയേണ്ടി വരും. ഇന്നത്തെ അടുക്കളകൾ അടക്കി വാഴുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. ഉപയോഗിക്കാൻ സൗകര്യപ്രദമാണെന്ന് മാത്രമല്ല, ഇതിൻ്റെ ഉപയോഗം പാചകവസ്തുക്കളുടെ അംശങ്ങൾ പാത്രത്തിൽ പറ്റിപ്പിടിക്കുന്നതു ഒഴിവാക്കുന്നു. അതിനാൽ തന്നെ പാചക ശേഷം നമുക്കിത് എളുപ്പത്തിൽ വൃത്തിയാക്കാനാകും. മറ്റൊരു ഗുണമെന്തെന്നാൽ അധികം എണ്ണ ഉപയോഗിക്കാതെ ഈ പാത്രം ഉപയോഗിച്ച് വിഭവങ്ങൾ ഉണ്ടാക്കിയെടുക്കാനാവുമെന്നതാണ്. ഇതിൻ്റെ ജനപ്രീതി കാലങ്ങളായി വളർന്നു കൊണ്ടിരിക്കുമ്പോൾ പോലും ആരോഗ്യകാര്യത്തിൽ ഇത് സുരക്ഷിതമാണോ എന്ന ചോദ്യം പലരും സംശയദൃഷ്ടിയോടെ നോക്കി കാണുന്നുണ്ട്.
നോൺസ്റ്റിക് പാത്രങ്ങളിൽ ദോശ, അപ്പം,ചപ്പാത്തി,പത്തിരി, എന്നിവ ഉണ്ടാക്കാമോ? നോൺസ്റ്റിക് പാത്രങ്ങളിൽ പാചകം ചെയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
നോൺസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിക്കുന്നത് ടെഫ്ലോൺ (PTFE / polytetrafluoroethylene) ആണ് . ടെഫ്ലോൺ എന്നത് ഒരു ബ്രാൻഡ് നെയിം ആണ് . PTFE വെള്ളം പിടിക്കാത്ത ഒരു മെറ്റീരിയൽ ആണ്. വെള്ളമുള്ള ആഹാരങ്ങൾ എണ്ണ ഇവയൊന്നും ഈ പ്രതലത്തിൽ പറ്റിപ്പിടിക്കില്ല.
2013 വരെ നോൺ-സ്റ്റിക്ക് പാത്രങ്ങളിൽ പെർഫ്ലൂറോ ഒക്റ്റനോയിക് ആസിഡ് (PFOA) എന്ന രാസവസ്തു ഉപയോഗിച്ചിരുന്നു. ഇത് ആളുകളിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും എന്ന് ഗവേഷണങ്ങളിൽ നിന്നും കണ്ടെത്തി. അതിനുശേഷം ഇതിൻ്റെ ഉപയോഗം നിർത്തലാക്കി. 2013 മുതൽ ടെഫ്ലോൺ നിർമ്മിക്കാൻ PFOA ഉപയോഗിക്കുന്നില്ല.
കാർബണും ഫ്ലൂറിനും ചേർന്നുള്ള ഉറപ്പുള്ള ഘടനയുള്ളതുകൊണ്ടു ഇവമറ്റുള്ള ചെമിക്കലുകളുമായി സാധാരണ രാസപ്രവർത്തനം നടത്തില്ല . ഇവയുടെ പ്രതലത്തിൽ ഘർഷണം അഥവാ friction കുറവാണ് . തന്നെയുമല്ല മറ്റുള്ള പോളിമറുകളെ അപേക്ഷിച്ചു താരതമേന്യ ഉയർന്ന ചൂടിൽ ഇവ വിഘടിക്കുകയുമില്ല. PTFE ഒരു വലിയ മോളിക്യൂൾ ആണ്. നമ്മൾ അറിയാതെ അത് ഇളകി ഭക്ഷണത്തിലൂടെ കഴിച്ചു പോയാൽ അത് നമ്മുടെ ശരീരത്തിലേക്ക് അബ്സോർബ് ചെയ്യാൻ യാതൊരു സാധ്യതയുമില്ല . അത് ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടും .പല മാനുഫാക്ചർസും ഇതിൽ സ്ക്രാച് വീഴ്ത്തരുത് എന്ന് എഴുതിയിട്ടുണ്ടാവും ഇതിനു കാരണം സ്ക്രാച് വരുത്തിക്കഴിഞ്ഞാൽ അവിടെ ഭക്ഷണ സാധനങ്ങൾ കരിഞ്ഞു പിടിക്കുകയോ അടിയിൽ പിടിക്കുകയോ ചെയ്യും മാത്രമല്ല നോൺസ്റ്റിക് കോട്ടിങ് പെട്ടന്ന് പൊളിഞ്ഞു പോകാനും സാധ്യത ഉള്ളതുകൊണ്ടാണ്.
പക്ഷേ PTFE യുടെ തെർമൽ ഡിഗ്രഡേഷൻ അല്ലെങ്കിൽ വിഘടനം 200 ഡിഗ്രി യിൽ ആരംഭിക്കുന്നു. പക്ഷെ ഏകദേശം 300 മുതൽ 360 ഡിഗ്രി സെൽഷ്യസ് വരെ ചൂടാക്കിയാൽ PTFE കോട്ടിങ്ങുകൾ വിഘടിക്കുകയും ബെപ്രൊഡക്ടുകൾ ഉണ്ടാവുകയും ചെയ്യും. ഇവ ആരോഗ്യത്തിനു ഹാനികരമാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. 500 മുതൽ 550 ഡിഗ്രി വരെ ചൂടാകുമ്പോൾ ഉണ്ടാകുന്ന ബെപ്രൊഡക്ടുകൾ മാരകമാണെന്നും ഇവയുടെ തുടർച്ചയായ ശ്വസനം മാരകമായ രോഗങ്ങളിലേക്കു നയിക്കുമെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.
കറികൾ വയ്ക്കുമ്പോൾ അതിൽ വെള്ളമോ എണ്ണയോ ഒക്കെ ഉള്ളതുകൊണ്ട് അധികം താപനില ഉയരുന്നില്ല. ആഹാരം പാത്രത്തിൽ ഉള്ളപ്പോൾ ചൂട് കുറെ ആഹാരം ആഗിരണം ചെയ്യുന്നതുകൊണ്ട് താപനില അധികം ഉയരുന്നില്ല. എന്നാൽ ഒരു കാരണവശാലും നോൺസ്റ്റിക് പാത്രങ്ങൾ ആഹാരമൊന്നുമില്ലാതെ ചൂടാക്കരുത് . നോൺസ്റ്റിക് പാത്രങ്ങളിൽ ദോശ, അപ്പം,ചപ്പാത്തി,പത്തിരി, എന്നിവ ഉണ്ടാക്കരുത് . കാരണം ദോശയോ ചപ്പാത്തിയോ ഒക്കെ ഉണ്ടാക്കുന്നതിനായി നോൺസ്റ്റിക് പാനുകൾ ചൂടാവാനായി ആദ്യം തീയിൽ വയ്ക്കാറുണ്ടല്ലോ. അപ്പോൾ താപനില 400 മുതൽ 500 ഡിഗ്രി വരെ ഉയരാൻ സാധ്യത ഉണ്ട്. മാത്രവുമല്ല ഒരേ പാനിൽ കുറേയെ സമയമെടുത്ത് ഇവ കുക്ക് ചെയ്യേണ്ടി വരുന്നതുകൊണ്ട് ദോഷകരമായ വാതകങ്ങൾ ശ്വസിക്കേണ്ടി വരുകയും വിഘടിച്ച fluoro കാര്ബണുകൾ ഭക്ഷണത്തോടൊപ്പം ശരീരത്തിൽ എത്തുകയും ചെയ്യാം . അതുപോലെതന്നെ കറികളും മറ്റും വയ്ക്കുന്നതിന് മുൻപ് നോൺസ്റ്റിക് പാത്രം കഴുകിയതിനുശേഷം അതിലെ വെള്ളം കളയുന്നതിനായി പാത്രം മാത്രം അടുപ്പിൽ വെച്ച് ചൂടാക്കുന്ന രീതി പലർക്കും ഉണ്ട്. ഇത് പാത്രത്തിൻ്റെ താപനില നേരത്തെ പറഞ്ഞ പ്രകാരം അധികമായി ഉയർത്തുന്നതിന് കാരണമാകുന്നു . അതിനാൽ കുക്ക് ചെയ്യുന്നതിന് മുൻപ്
നോൺസ്റ്റിക് പാത്രത്തിലെ വെള്ളം കളയണമെങ്കിൽ വൃത്തിയായി തുടച്ചു കളയുക. നിങ്ങളുടെ പത്രത്തിൻ്റെ നോൺസ്റ്റിക് കോട്ടിംഗിന് കേടുപാടുകൾ സംഭവിക്കുകയോ അത് അടർന്നു പോകുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അവ ഉപേക്ഷിച്ചു പുതിയവ വാങ്ങുക. നോൺസ്റ്റിക്ക് പാത്രങ്ങൾ വാങ്ങുമ്പോൾ എല്ലായ്പ്പോഴും അത് നല്ല നിലവാരമുള്ളതാണെന്ന് പരിശോധിച്ചുറപ്പാക്കേണ്ടത് അത്യാവശ്യമാണ്. നോൺസ്റ്റിക് പാത്രങ്ങൾ അമിതമായി ചൂടാക്കിയില്ലെങ്കിൽ സുരക്ഷിതമാണ്.