മലയാളിയുടെ ഇഷ്ടഭക്ഷണങ്ങളിൽ പഴങ്കഞ്ഞിയുടെ സ്ഥാനം ചെറുതൊന്നുമല്ല. എന്നാൽ പഴങ്കഞ്ഞി ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുമോ?

പഴങ്കഞ്ഞിക്ക് UNESCO യുടെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണത്തിനുള്ള അവാർഡ് ലഭിച്ചു എന്നൊരു സന്ദേശം വാട്സാപ്പിൽ ഒരുപക്ഷെ നിങ്ങൾ കണ്ടിട്ടുണ്ടാകും. പഴങ്കഞ്ഞിക്ക് ഇങ്ങനൊരവാർഡും കിട്ടിയിട്ടില്ലെന്നു മാത്രമല്ല ശ്രദ്ധിച്ചില്ലെങ്കിൽ ഫുഡ്‌ പോയ്സൺ വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്.

പഴങ്കഞ്ഞി മാത്രമല്ല പഴയ ചോറും ഫുഡ്‌ പോയ്‌സന് കാരണമാകും. എങ്ങനെയാണ് ഇവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുന്നത് എന്ന് നോക്കാം.

സാധാരണയായി മണ്ണിൽ കാണപ്പെടുന്ന ബാക്ടീരിയയാണ് Bacillus cereus. മിക്കവാറും എല്ലാത്തരം അരിയിലും Bacillus cereus എന്ന ബാക്ടീരിയയുടെ സ്പോറുകൾ ഉണ്ടാവും. അരിയിൽ ഈ സ്പോറുകൾക്ക് വളർന്നു ബാക്ടീരിയ ആവാൻ വേണ്ടത്ര ജലാശം ഇല്ല. ഈ സ്പോറുകളുടെ മറ്റൊരു പ്രത്യേകത ഇവക്ക് ഉയർന്ന താപനിലയെ അതിജീവിക്കാൻ കഴിയും എന്നതാണ്. അതിനാൽ അരി വേവിക്കുമ്പോൾ Bacillus cereus ​ ൻ്റെ സ്പോറുകൾ നശിക്കില്ല. ചോറ് അല്ലങ്കിൽ കഞ്ഞി ഉണ്ടാക്കി ഉടൻതന്നെ കഴിക്കുമ്പോൾ ഈ സ്പോറുകൾ നമുക്ക് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ല. എന്നിരുന്നാലും തണുത്തതോ വീണ്ടും ചൂടാക്കിയതോ ആയ അരിയുടെ പ്രശ്നം ബാക്ടീരിയയല്ല മറിച്ചു ചോറ് അല്ലെങ്കിൽ കഞ്ഞി എങ്ങനെ തണുപ്പിക്കുന്നു അല്ലെങ്കിൾ സംഭരിക്കുന്നു എന്നതാണ്.

Bacillus cereus പോലെയുള്ള രോഗകാരികളായ ബാക്ടീരിയകൾ 4 മുതൽ 60 ഡിഗ്രി സെൽഷ്യസ്   വരെയുള്ള താപനിലയിൽ അതിവേഗം വളരുന്നു. അതിനാൽ ചോറ് അല്ലെങ്കിൽ കഞ്ഞി റൂം ടെമ്പറേച്ചറിൽ തണുക്കുമ്പോൾ സ്പോറുകൾ വളർന്നു ബാക്ടീരിയ ആകുകയും അവ വേഗത്തിൽ പെരുകി അവയിൽ നിന്നുണ്ടാകുന്ന ടോക്സിനുകൾ ചോറിനെ വിഷമയം ആക്കുകയും ചെയ്യും. കൂടുതൽ സമയം ഇതേപോലെ ഇരുന്നാൽ കൂടുതൽ വിഷമയം ആകും. ഇനി പഴങ്കഞ്ഞി ചൂടാക്കി ഉപയോഗിക്കാമെന്നു കരുതിയാലും ചൂടാക്കുമ്പോൾ ബാക്ടീരിയനശിക്കും പക്ഷേ ടോക്സിൻ നശിക്കുന്നില്ല. ഇത്തരം ചോറ് അല്ലെങ്കിൽ കഞ്ഞി കഴിക്കുന്ന ഏതൊരാൾക്കും ഭക്ഷ്യ ഭക്ഷ്യവിഷബാധ ഉണ്ടായേക്കാം. കുട്ടികൾ, പ്രായമായവർ ഗർഭിണികൾ തുടങ്ങി രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് ഭക്ഷ്യവിഷബാധക്കുള്ള   സാധ്യത കൂടുതലാണ്.

തണുത്ത ചോറ് എങ്ങനെ സുരക്ഷിതമായി കഴിക്കാം?

ബ്രിട്ടനിലെ NHS (National Health Service) ൻ്റെ നിർദേശങ്ങൾ അനുസരിച്ച്

  • ചോറ് /കഞ്ഞി കഴിവതും ഉണ്ടാക്കിയ ഉടനെ തന്നെ കഴിക്കുക.
  • അത് സാധ്യമല്ലെങ്കിൽ,  ചോറ്  കഴിയുന്നത്ര വേഗത്തിൽ തണുപ്പിച്ചു ഫ്രിഡ്ജിൽ വയ്ക്കുക. ഒരു മണിക്കൂറിനുള്ളിൽ ഇങ്ങനെ ഫ്രിഡ്ജിൽ വയ്ക്കുവാൻ കഴിഞ്ഞാൽ നല്ലത്. ചോറി​ൻ്റെ ചൂട് ആറിയതിന് ശേഷം കണ്ടെയ്നർ നന്നായി അടച്ച് ഫ്രിഡ്ജിൽ വയ്ക്കുക.
  • ഫ്രിഡ്ജിൽ നിന്നെടുത്ത ചോറ് ഒരു ദിവസത്തിനകം ആവിപറക്കുന്നതുവരെ ചൂടാക്കി കഴിക്കാം.
  • ഒന്നിൽ കൂടുതൽ തവണ ചോറ് ചൂടാക്കി കഴിക്കരുത്.

ഇനി പഴങ്കഞ്ഞി കുടിക്കണമെന്നുണ്ടങ്കിൽ ഈ നിർദേശങ്ങൾ ഒക്കെ പാലിച്ച് വീട്ടിൽ തന്നെ ഉണ്ടാക്കി കുടിക്കാൻ ശ്രദ്ധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *